top of page
  • Writer's pictureAmal Dev M

കനവിലെ ചിത്രശലഭങ്ങൾ

Updated: Sep 21, 2022

പരിന്ദേയ്: മിനി എം. ആർ. & സുധി എസ്.

അലൈവ്ലിഹുഡ്: വിദ്യാഭ്യാസം

പ്രദേശം: വയനാട്, കേരളം


“ഗോത്രതാളം തുടങ്ങാൻ എനിക്ക് പ്രചോദനമായത് കനവിലെ ജീവിതമായിരുന്നു. കനവ് ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നുമൊരു ഡ്രോപ്പ്-ഔട്ട് സ്റ്റുഡന്റായി ജീവിച്ചേനെ. കനവിൽ നിന്ന് പഠിച്ച കാര്യങ്ങളാണ് ഞാൻ ഗോത്രതാളത്തിലൂടെ കുട്ടികൾക്ക് നൽകിയിരുന്നത്”.

- മിനി


കനവ് (ഫോട്ടോ: അമൽ ദേവ്)

ഓരോ മനുഷ്യരും ഓരോ ചിത്രശലഭങ്ങളാണ്; അവരവരുടെ പൂന്തോട്ടത്തിൽ. വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസ സ്കൂൾ ഒരു പൂന്തോട്ടമായിരുന്നു. വലിയ ചിറകുകളുള്ള ചെറുചിത്രശലഭങ്ങളുടെ പൂന്തോട്ടം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബദൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് കനവ്. 1994-ലാണ് കനവ് സ്ഥാപിതമാകുന്നത്. പിന്നീട് 2016-ൽ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്കൂൾ പ്രവർത്തനരഹിതമായി. ഇന്ന് ആ സ്കൂൾ പഴയ രീതിയിൽ പുനരാരംഭിക്കാനായിട്ടാണ് മിനിയും സുധിയും കനവിൽ എത്തിച്ചേർന്നിട്ടുള്ളത്. മിനി കനവിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്. കനവിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് ആദിവാസി-ദളിത് വിദ്യാർത്ഥികൾക്ക് വേണ്ടി ‘ഗോത്രതാളം’ എന്ന ബദൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.

മിനിയും സുധിയും ഗോത്രതാളത്തിൽ (ഒരു ഫയൽ ചിത്രം)

 2011-ലാണ് മിനിയും സുധിയും വിവാഹിതരാകുന്നത്. സുധിയോടൊപ്പമാണ് മിനി വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തിനടുത്തുള്ള രവി നഗർ കോളനിയിലേക്ക് വരുന്നത്. രവി നഗറിൽ വേടർ ഗോത്ര വർഗ്ഗത്തിലുള്ള 58-ഓളം കുടുംബങ്ങളുണ്ട്. അവരിൽ ഭൂരിഭാഗവും ദിവസക്കൂലിക്കാരായിരുന്നു. അമിതമായ മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം, ഗാർഹിക പീഡനം തുടങ്ങിയവയെല്ലാം കോളനിയിലെ പ്രധാന പ്രശ്നങ്ങളായിരുന്നു. അതിനോടൊപ്പം തന്നെ നിരവധി കുട്ടികൾ പഠനാവശ്യങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്നത് മിനിയുടെ ശ്രദ്ധയിൽപ്പെടാൻ തുടങ്ങി. താൻ കനവിൽ നിന്ന് നേടിയ അറിവുകൾ എന്തുകൊണ്ട് ഇവിടെയുള്ള കുട്ടികൾക്ക് പകർന്ന് കൊടുത്തുകൂടാ എന്ന ചിന്തയിൽ നിന്നാണ് 2012-ൽ ഗോത്രതാളം എന്ന ബദൽ വിദ്യാഭ്യാസ പഠന കേന്ദ്രം രൂപം കൊള്ളുന്നത്. അതിന് മുൻപ് ഇത് കുട്ടികളുടെ നാടൻ പാട്ട് സംഘമായിരുന്നു. വീടിനോട് ചേർന്നാണ് ഗോത്രതാളം പ്രവർത്തിച്ച്കൊണ്ടിരുന്നത്. ദളിത് ആദിവാസി വിദ്യാർത്ഥികൾക്കിടയിലുള്ള സ്കൂൾ ഡ്രോപ്പ്ഔട്ട് നിരക്ക് കുറയ്ക്കാനും അവരുടെ ഉള്ളിലുള്ള കഴിവുകളിൽ ആത്മവിശ്വാസം വളർത്താനുമുള്ള ലക്ഷ്യത്തോടെയാണ് ഗോത്രതാളം പ്രവർത്തനം ആരംഭിക്കുന്നത്. ആഴ്ചയിലെ ശനി, ഞായർ ദിവസങ്ങളിലായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. സ്പോകെൺ ഇംഗ്ലീഷ് ക്ലാസുകൾ, വ്യക്തിത്വ വികസനം, നാടകങ്ങളിലൂടെ രാഷ്ട്രീയ അവബോധം ജനിപ്പിക്കുക തുടങ്ങിയവ ഗോത്രതാളത്തിന്റെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. 


അതിനോടൊപ്പം തന്നെ വിവിധയിടങ്ങളിൽ വെച്ച് ലൈംഗിക വിദ്യാഭ്യാസം, ലിംഗ സമത്വം പോലെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ക്യാമ്പുകളും സംഘടിപ്പിച്ചു പോന്നിരുന്നു. കനവ് പോലെ തന്നെ ഇവയ്‌ക്കെല്ലാം പ്രാധാന്യം നൽകിയിരുന്ന പഠന കേന്ദ്രമായിരുന്നു ഗോത്രതാളവും. ശ്യാം രാജി സംവിധാനം ചെയ്ത് ഗോത്രതാളത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ഭ്രാന്ത്കളി' എന്ന നാടകം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഒരു കൂട്ടം ആടുകളെ ഭിന്നിപ്പിച്ച് പരസ്പരം പോരടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കന്റെ പഴയ കഥയെ ആസ്പദമാക്കി സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്നതായിരുന്നു നാടകം.


ഗോത്രതാളം തുടങ്ങി ഒരു വർഷത്തിന് ശേഷം മിനി ‘കാന്താരി’ എന്ന സംഘടനയിൽ നേതൃത്വ പരിശീലനത്തിന്റെ സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെയുള്ള ഒരു വർഷത്തെ പരിശീലനം ഗോത്രതാളത്തിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് ഉൾക്കരുത്തായി. 2015-ഓടെ ഗോത്രതാളത്തിന് ഏറെ ജനശ്രദ്ധ ലഭിച്ചു. പല മുഖ്യധാര മാധ്യമങ്ങളും ഗോത്രതാളത്തെക്കുറിച്ച് ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. കനവ് എന്ന ബദൽ സ്കൂളിൽ പഠിച്ച പെൺകുട്ടി സ്വന്തമായി ബദൽ സ്കൂൾ തുടങ്ങിയത് തന്നെയായിരുന്നു ലേഖനങ്ങളുടെയെല്ലാം ശ്രദ്ധാകേന്ദ്രം. നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂൾ, 2018-ലെ വീടുപണി മൂലമുണ്ടായ സ്ഥലപരിമിധിയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഗോത്രതാളത്തിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമായത്. സാമ്പത്തികമായ ബുദ്ധിമുട്ടാണ് മിനിയും സുധിയും നേരിട്ട പ്രധാന പ്രതിസന്ധി. ഗോത്രതാളത്തിൽ നിന്ന് അവർക്ക് സാമ്പത്തികമായ വരുമാനം ഒന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. മിനിയുടെയും സുധിയുടെയും സുഹൃദ് വലയത്തിന്റെ സഹായഹസ്തങ്ങൾക്ക് ഗോത്രതാളത്തിന്റെ പ്രവർത്തനങ്ങളിൽ വളരെ വലിയ പങ്കുണ്ടായിരുന്നു. അത് കൂടാതെ തന്നെ, സ്വകാര്യ സ്കൂളുകളിൽ മിനി കളരി ക്ലാസുകൾ നടത്തിയും സുധി സ്വകാര്യ ആശുപത്രികളിലും വീടുകളിലും പച്ച മരുന്ന് ചികിത്സ നടത്തിയുമാണ് വീട്ടിലേക്കും ഗോത്രതാളത്തിലേക്കുമുള്ള വരുമാനം കണ്ടെത്തിയിരുന്നത്‌.

യാത്രകൾ ഗോത്രതാളത്തിന്റെ പ്രധാനപ്പെട്ട ഘടകമായത്കൊണ്ട് തന്നെ ഓരോ കുട്ടികളുടെ പേരിലും ഓരോ കുടുക്ക സ്ഥാപിച്ചിരുന്നു. യാത്ര പോകാൻ സമയമാകുമ്പോൾ കുട്ടികൾ സ്വയം കുടുക്കയിൽ നിക്ഷേപിച്ച പൈസ അവരുടെ യാത്രാ ചിലവിനായി എടുക്കാറുണ്ടായിരുന്നു. മേൽ പറഞ്ഞ വഴികളിലൂടെയായിരുന്നു മിനിയും സുധിയും ഒരു പരിധി വരെ സാമ്പത്തിക ബുദ്ധിമുട്ടിനെ പ്രതിരോധിച്ചു കൊണ്ടിരുന്നത്.


സുധിയും മിനിയും കണ്ട് മുട്ടുന്നത് 2003-ൽ തിരുവനന്തപുരത്ത് സ്ഥിതി ചെയുന്ന മിത്ര നികേതനിലാണ്. നൈപുണ്യ വികസന കോഴ്സുകൾ നല്കുന്നയിടമായിരുന്നു മിത്ര നികേതൻ. പിന്നീടുള്ള നീണ്ട എട്ട് വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്ക് വഴിതിരിഞ്ഞത്. സുധി തന്റെ വിദ്യാഭ്യാസ കാലം തൊട്ടേ വിവിധ ആദിവാസി സമരങ്ങളുടെ ഭാഗമായിരുന്നു. അതിനോടൊപ്പം തന്നെ കേരളത്തിലുള്ള ആദിവാസി മേഖലകളിലേക്ക് യാത്ര ചെയ്യുകയും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ള നിരന്തരമായ ശ്രമവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നിലവിൽ പച്ചമരുന്ന് ചികിത്സയിലാണ് സുധി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആദിവാസി തനത് ചികിത്സ രീതി വരും തലമുറയ്ക്ക് പകർന്ന് നൽകുകയും അതിന്റെ നിലനിൽപ്പുമാണ് സുധി ലക്ഷ്യം വെക്കുന്നത്.


"ഞാൻ ഒരുപാട് യാത്രകൾ ചെയ്‌തിട്ടുണ്ട്‌. യാത്രകളിൽ ഉടനീളം നിരവധി സ്കൂളുകളും സന്ദർശിച്ചിട്ടുണ്ട്. പക്ഷേ, എന്റെ ജീവിതത്തിൽ ഇതുവരെ കനവ് പോലെയൊരു സ്കൂൾ ഞാൻ കണ്ടിട്ടില്ല."

- മിനി 


കനവ് എന്ന കൂട്ടായ്മയുടെ ഉത്ഭവവും വളരെ കൗതുകം നിറഞ്ഞ ഒന്നാണ്. പ്രശസ്ത നാടകകൃത്തും സിനിമ സംവിധായകനുമായ കെ.ജെ. ബേബിയും അദ്ദേഹത്തിന്റെ ഭാര്യയായ ഷേർളി ജോസെഫുമാണ് കനവിന്റെ സ്ഥാപകർ. കനവ് നിലവിൽ സ്ഥിതി ചെയ്യുന്നയിടം മുമ്പ് നാടക പരിശീലന കേന്ദ്രമായിരുന്നു. മിനിയും കൂട്ടുകാരുമൊത്ത് സ്കൂളിൽ പോകാതെ ഒളിച്ചിരുന്ന താവളമായിരുന്നു കനവിന്റെ പുരയിടം. നിരവധി തവണ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ കെ.ജെ. ബേബി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. എന്ത് കൊണ്ട് അവർ സ്കൂളിൽ പോകാൻ താല്പര്യപ്പെടുന്നില്ല എന്ന ചിന്തയിൽ നിന്നാണ് കനവിന്റെ ചിറകുകൾ മുളക്കുന്നത്.


വയനാട്ടിലെ നടവയലിലെ പണിയ ആദിവാസി കോളനിയിലാണ് മിനി ജനിച്ചത്, അവിടെ അടുത്തുള്ളൊരു സർക്കാർ സ്കൂളിലായിരുന്നു പഠനം. സഹപാഠികളുടെയും ടീച്ചർമാരുടെയും നിരന്തരമായ പരിഹാസങ്ങൾ കേൾക്കാനാവാതെയാണ് മിനി നാലാം ക്ലാസ്സിൽ പഠനം ഉപേക്ഷിക്കുന്നത്. ആദിവാസിയായതിന്റെ പേരിൽ സഹപാഠികളുടെ ഇടയിൽ നിന്നും അതിനോടൊപ്പം തന്നെ അധ്യാപകർക്കിടയിൽ നിന്നുമുള്ള കളിയാക്കലുകളും മാറ്റിനിർത്തലുകളും മിനിയുടെ സ്കൂൾ ജീവിതത്തിന്റെ ഭാഗമായിരുന്നു. "ഇപ്പോഴും ഞാൻ പഠിച്ച സ്കൂൾ കാണുമ്പോൾ എന്റെ മനസ്സിലൊരു വിമ്മിഷ്ട്ടമാണ്," മിനി കൂട്ടിച്ചേർത്തു. വീട്ടിൽ തന്റെ ഗോത്ര ഭാഷയായ ‘പണിയ’ ആയിരുന്നു സംസാരിച്ചിരുന്നത്. അച്ഛനും അമ്മയും പണിയെടുത്തിരുന്ന വീടുകളിൽ നിന്നായിരുന്നു മിനി കൂടുതലായും മലയാളം കേട്ടിരുന്നത്. അതും ആജ്ഞാപനത്തിന്റെയും അടിമത്വത്തിന്റെയും സ്വരത്തിൽ മാത്രം. "ഞാൻ മലയാള ഭാഷ കേട്ടിരുന്നത് ആജ്ഞാപന രീതിയിൽ മാത്രമായിരുന്നു," മിനി പറഞ്ഞു. അത്കൊണ്ട് തന്നെ സ്കൂളിൽ നിന്ന് മലയാള ഭാഷ കേൾക്കുമ്പോൾ മിനിയുടെ ഉള്ളിൽ ഭീതി ഉടലെടുക്കുമായിരുന്നു. പുസ്തകം, പേന, യൂണിഫോം എന്നിവ ഇല്ലാതിരുന്നതും പഠിപ്പ് നിർത്താനുള്ള പ്രധാന ഘടകങ്ങളായിരുന്നു. "ഇന്ന് ഒരുപാട് കാര്യങ്ങൾ മാറി. ഇന്നൊരു ആദിവാസി കുട്ടി പഠിപ്പ് നിർത്തി വീട്ടിലിരുന്നാൽ ആ പ്രദേശത്തുള്ള എസ്.റ്റി. പ്രൊമോട്ടർ കാരണം അന്വേഷിച്ച് വീട്ടിലെത്തും. പക്ഷേ, അന്ന് അങ്ങനെയല്ലായിരുന്നു," മിനി പറഞ്ഞു.


പിന്നീടാണ് മിനി കനവിലേക്ക് വരുന്നത്. "കനവ് എന്നാൽ സ്വപ്നം എന്നാണർത്ഥം. ശെരിക്കും അതൊരു സ്വപ്നം തന്നെ ആയിരുന്നു . കരകൗശല വസ്തു നിർമ്മാണവും പാട്ടും ഡാൻസുമൊക്കെയാണ് കനവിലേക്ക് എന്നെ ആകർഷിച്ചത്. അത് നമ്മുടെ ജീനിലുള്ള സംഗതികളാണല്ലോ.” മിനി കൂട്ടിച്ചേർത്തു. മിനിക്കുണ്ടായ സമാനമായ അനുഭവങ്ങൾ തന്നെയായിരുന്നു മറ്റ് കനവിലുള്ള കുട്ടികളും പഠനം പാതി വഴിയിൽ ഉപേക്ഷിക്കാനുള്ള പ്രധാന കാരണങ്ങൾ. അത്തരത്തിലുള്ള കുട്ടികളുടെ ഒരു കൂട്ടായ്മയായിരുന്നു കനവ്. കലയ്ക്ക് പ്രാധാന്യം നൽകിയുള്ള പാഠ്യപദ്ധതികളായിരുന്നു അവിടെ പിന്തുടർന്ന് കൊണ്ടിരുന്നത്. കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റും, വിവിധ ഗോത്ര വർഗ്ഗങ്ങളുടെ നൃത്തങ്ങളും പാട്ടുകളും, അതിനോടൊപ്പം തന്നെ ഭരതനാട്യവും ഹിന്ദുസ്ഥാനി സംഗീതവും പിന്നെ നിരവധി സംഗീത ഉപകരണങ്ങളും, എന്നിങ്ങനെ നീളുന്നു കനവിലെ കലയിലെ വൈവിധ്യങ്ങൾ.


കനവിലെ കുട്ടികൾ സംഗീതം പഠിക്കുന്നു (ഒരു ഫയൽ ചിത്രം)

ഓരോ വിഷയങ്ങൾ പഠിപ്പിക്കുന്ന രീതിയും കനവിനെ വ്യത്യസ്തമാക്കുന്നുണ്ട്. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയല്ല വിദ്യാഭ്യാസം നേടേണ്ടത് മറിച്ച് അനുഭവങ്ങളിലൂടെ നേടുന്ന അറിവിലൂടെയാണെന്ന് കനവ് തുറന്ന് കാട്ടുന്നുണ്ട്. അതിന്റെ ഭാഗമായി തന്നെ പല ചരിത്രപ്രധാനമായ സ്ഥലങ്ങളിലുമുള്ള വിവിധ ബദൽ സ്‌കൂളുകളിലേക്ക് കുട്ടികളുമായി യാത്ര ചെയ്യാറുണ്ട്. കുട്ടികളെ തരം തിരിക്കുന്നതിലും അതേ വ്യത്യസ്തത കനവ് വെച്ച് പുലർത്താറുണ്ടായിരുന്നു. കാര്യങ്ങൾ മനസിലാക്കാനുള്ളവരുടെ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ ഓരോ ചെറിയ സംഘങ്ങളായി തരം തിരിക്കുന്നത് അവിടെ മുൻ വിദ്യാഭ്യാസമോ പ്രായമോ ബാധകമല്ല. കുട്ടികളെല്ലാം കനവിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികളും ധാന്യങ്ങളുമാണ് അവർ പാചകം ചെയ്യാനായി ഉപയോഗിച്ചിരുന്നത്. കനവിൽ എത്തുന്ന സന്ദർശകരെല്ലാം തന്നെ അവരുടെ അനുഭവങ്ങളും അറിവുകളും കുട്ടികളുമൊത്ത് പങ്ക് വച്ചുകൊണ്ട് അവിടുത്തെ അധ്യാപകരായി മാറാറുണ്ട്.

വോളന്റിയറായ അലിയും അമലും ജെയിംസും കളരിപ്പുരയിലെ അറ്റകുറ്റ പണിയിൽ സുധിയെ സഹായിക്കുന്നു

ഒരുപാട് കുട്ടികളുടെ ഉള്ളിൽ സ്വപ്നം കാണാൻ ആകാശം നെയ്തൊരിടമായിരുന്നു കനവ്. പക്ഷേ, ദൗർഭാഗ്യവശാൽ കനവ് ഇന്ന് പ്രവർത്തന രഹിതമാണ്‌. കനവിനെ പഴയ രീതിയിലേക്ക് എത്തിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിലാണ് മിനിയും സുധിയും. നിലവിൽ, വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ച കളരിപ്പുര പുതുക്കി പണിത് കളരി ക്ലാസുകൾ പുനരാരാംഭിച്ചു. അതിനോടൊപ്പം തന്നെ പച്ച മരുന്ന് ചികിത്സയും തുടങ്ങി. അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരുവിഹിതം ഗോത്രതാളത്തിലെ കുട്ടികളുടെ പഠനാവശ്യത്തിനും ആദിവാസി സമരങ്ങളിൽ പങ്കെടുത്ത് പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന ആളുകൾക്കും നൽകാനാണ് ഇരുവരുടെയും തീരുമാനം. പ്രകൃതിയോടൊപ്പം ഇണങ്ങി ചേർന്നുകൊണ്ടുള്ള ജീവിതമാണ് സുധിയുടെയും മിനിയുടെയും. ചുറ്റുപാടുമുള്ള ഭക്ഷ്യയോഗ്യമായ ചെടികളുടെ ഇലകളാണ് ഓരോ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത്.


ഉഴിച്ചിലിനുള്ള കിഴി തയ്യാറാക്കുന്ന സുധിയും ഏക്താരയും വിദ്യാർത്ഥിയായ അനീഷും (ഫോട്ടോ: അമൽ ദേവ്)

കനവിൽ നിന്ന് തുടങ്ങി വീണ്ടും കനവിൽ എത്തി നിൽക്കുന്ന മിനിയുടെ ജീവിത യാത്ര ഏവർക്കും പ്രചോദനം നൽകുന്നയൊന്നാണ്. മുഖ്യധാരാ വിദ്യാഭ്യാസം നേടി അവനവനിലേക്ക് ചുരുങ്ങി ഓരോ തുരുത്തുകളായി മണ്മറഞ്ഞ് പോകുമ്പോഴും മിനിയെ വ്യത്യസ്തയാക്കുന്നത് മേൽ പറഞ്ഞ ജീവിത യാത്ര തന്നെയാണ്. ആ യാത്രയ്ക്ക് ഉൾക്കരുത്തായി സുധിയും അവരുടെ അഞ്ചുവയസ്സുള്ള മകൾ എക്താരയും ചേർന്ന് നിൽക്കുന്നുണ്ട്. "അവളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ഞങ്ങൾക്ക് ആശങ്കകളില്ല. അവൾ ഓരോ ദിവസവും ഞങ്ങളോടൊത്ത് പുതിയ കാര്യങ്ങൾ പഠിച്ച്കൊണ്ടിരിക്കുകയാണ്," സുധി പറഞ്ഞു. ജീവിതവും വിദ്യാഭ്യാസവും രണ്ടും രണ്ടല്ല അത് ഒന്നാണെന്നുള്ള ആശയം ഇരുവരും ചേർത്ത് പിടിക്കുന്നതിനോടൊപ്പം എക്താരയിലൂടെ അത് തുറന്ന് കാട്ടുന്നുമുണ്ട്.


മിനിയും സുധിയുമായി ബന്ധപ്പെടാൻ: ekthara123@gmail.com



  സുധിയും ഏക്താരയും മിനിയും (ഫോട്ടോ: അമൽ ദേവ്)


bottom of page