പരിന്ദേ: ഗൗരവ് ജെയ്‌സ്വാൾ, നവേന്ദു മിശ്ര
അലൈവ്ലിഹുഡ്: വിദ്യാഭ്യാസം
പ്രദേശം: സിവിനി, മധ്യപ്രദേശ്
"ഞാൻ എഞ്ചിനീയറിംങ്ങ് പഠിക്കുന്ന സമയത്തും സ്കൂളിൽ പഠിക്കുന്ന സമയത്തുമെല്ലാം വിവിധ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നു. എനിക്ക് തോന്നുന്നത് ഇന്ന് ചെയ്യുന്ന പല കാര്യങ്ങളുടെയും വിത്ത് മുളച്ചത് അവിടുന്നായിരിക്കുമെന്നാണ്. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തനം നടത്തുന്ന 'മ്യൂസിയം സ്കൂൾ' എന്ന സംരംഭത്തിന്റെ ഭാഗമാകുന്നത്. പിന്നീട് ഞാൻ പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചതിന് ശേഷം എനിക്കിതല്ല ജീവിതത്തിൽ ചെയ്യേണ്ടത് ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളാണെന്നുള്ള തിരിച്ചറിവ് ഉണ്ടായതും ആ അനുഭവങ്ങളിലൂടെ ആയിരിക്കും."
- ഗൗരവ് ജെയ്‌സ്വാൾ
"ജനറൽ വിഭാഗത്തിൽപ്പെട്ട ആളായതുകൊണ്ട് പഠനം തുടരാനുള്ള സ്കോളർഷിപ്പ് ലഭിക്കാത്തത് മൂലം ഞാൻ അധഃസ്ഥിതനാണെന്ന് കരുതിയിരുന്നു. എന്നാൽ,എന്നെക്കാൾ വളരെ മോശം സാഹചര്യങ്ങളിൽ ജീവിക്കുന്ന ആളുകളുമായി പ്രവർത്തിച്ചപ്പോളാണ് ഞാൻ പ്രിവിലേജ്ഡ് ആണെന്ന് മനസ്സിലായത്. ആളുകൾക്ക് അടിസ്ഥാന വിവരങ്ങളുടെ അഭാവം കാരണം അവസരങ്ങളും വിഭവങ്ങളും നഷ്ടപ്പെടുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നതും അപ്പോഴായിരുന്നു. ആ തിരിച്ചറിവിൽ നിന്ന് ആളുകളെ സഹായിക്കുന്നതും അതേ സമയം എനിക്ക് ഉപജീവനമാർഗം നൽകുന്നതുമായ എന്തെങ്കിലും ചെയ്യാൻ ഞാൻ തീരുമാനിച്ചു. പിന്നീട്, പ്രാദേശിക സമരങ്ങളിലും കമ്മ്യൂണിറ്റി പ്രചാരണങ്ങളിലും ഞാൻ പ്രവർത്തിക്കാൻ തുടങ്ങി. അത്തരമൊരു പരിപാടിയിൽ വച്ചാണ് ഞാൻ എന്റെ സഹസ്ഥാപകനായ ഗൗരവിനെ കണ്ടുമുട്ടിയത്.”
- നവേന്ദു മിശ്ര
ഗൗരവും നവേന്ദുവും അഗ്രിണി പബ്ലിക് സ്കൂളിൻ്റെ സ്ഥാപകരാണ്. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താനും വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കാനും വേണ്ടിയാണ് 2014-ൽ അഗ്രിണി എന്ന പരീക്ഷണ മാതൃകാ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. മധ്യപ്രദേശിലെ പെഞ്ച് കടുവ വന്യ സംരക്ഷണകേന്ദ്ര പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമാനമായ രാഷ്ട്രീയ നിലപാടുകളും തത്വചിന്തകളും ജീവിതാനുഭവങ്ങളുമാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിക്കാൻ വഴി ഒരുക്കിയത്. 2008-09 കാലഘട്ടത്തിൽ നടന്ന സിവിനി-നാഗ്പുർ നാല് വരി പാതയ്ക്ക് വേണ്ടിയുള്ള സമരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് ഗൗരവും നവേന്ദുവും കണ്ടു മുട്ടുന്നത്. പിന്നീട് അങ്ങോട്ടും നിരവധി സമരങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും പരസ്‌പരം മനസ്സിലാക്കാനും സൗഹൃദത്തിലാകാനും സാധിച്ചു.
അഗ്രിണി സമാജ് കല്യാൺ സമിതി എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചിരുന്ന സംഘടനയിൽനിന്നാണ് ഇന്ന് കാണുന്ന അഗ്രിണി പബ്ലിക് സ്കൂൾ പിറവിയെടുക്കുന്നത്. അതിലെ ഏറ്റവും ആദ്യത്തെ സംരംഭമായിരുന്നു നീവ്. നഗരങ്ങളിലെ പോലെ ഗ്രാമങ്ങളിൽ എന്തുകൊണ്ട് പ്ളേ സ്കൂളുകളില്ല എന്ന ഗൗരവിന്റെ ചിന്തയിൽ നിന്നാണ് നീവ് എന്ന പദ്ധതി ഉടലെടുക്കുന്നത്. അങ്ങനെയാണ് പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ട് അംഗനവാടികൾ പ്ളേ സ്കൂൾ മാതൃകയിലേക്ക് ആക്കുന്നത്. അംഗനവാടിയിലെ അദ്ധ്യാപകർക്ക് അഗ്രിണി വഴി കമ്പ്യൂട്ടർ പരിശീലനം നൽകുകയും കുട്ടികൾക്ക് മൾട്ടി മീഡിയ പഠന സൗകര്യം ഒരുക്കുകയും ചെയ്‌തു. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു അത്തരത്തിലുള്ള ഒരു പരീക്ഷണം വിജയകരമായി പൂർത്തിയാകുന്നത്. അതിനോടനുബന്ധിച്ച് മധ്യപ്രദേശ് സർക്കാർ ആ പദ്ധതി ഏറ്റെടുക്കുകയും പതിനയ്യായിരത്തോളം വരുന്ന അംഗനവാടികളിൽ പ്രാരംഭ പദ്ധതി എന്ന രീതിയിൽ നടപ്പിലാക്കുകയും ചെയ്‌തു.
"ഇപ്പോൾ ചെയ്യുന്ന പല കാര്യങ്ങളിലും ശിക്ഷാലയയിലെ അനുഭവങ്ങൾക്ക് വളരെ വലിയ പങ്കുണ്ട്. എനിക്ക് തോന്നുന്നത് ശിക്ഷാലയയിൽ നിന്ന് പഠിച്ച ഏറ്റവും വലിയ കാര്യം ആത്മവിശ്വാസമാണ്- അസാധ്യമായ കാര്യങ്ങളും സാധ്യമാകുമെന്ന് മനസ്സിലായി," ഗൗരവ് പറഞ്ഞു. ശിക്ഷാലയ എന്ന വിഭവ കേന്ദ്രത്തിന് അഗ്രിണിയുടെ ഉത്ഭവത്തിൽ വളരെ വലിയ പങ്കുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും ഒത്തുകൂടാനുമുള്ള ഇടം എന്ന രീതിയിലാണ് ഗൗരവ് 2012-ൽ ശിക്ഷാലയ രൂപീകരിക്കുന്നത്. കുറൈയിലെ പഞ്ചായത്തിന്റെ പരിധിയിലുള്ളൊരു ഗോഡൗണിലായിരുന്നു ശിക്ഷാലയ സ്ഥിതി ചെയ്തിരുന്നത്. തുടക്കകാലത്തിൽ കുട്ടികളുടെ ഉള്ളിൽ അഭിരുചികൾ വളർത്തിയെടുക്കുന്നതിനായി ഫോട്ടോഗ്രഫി, ചിത്രരചന, സിനിമ നിർമ്മാണം എന്നീ വിഷയങ്ങളെ കുറിച്ച് വർക്ഷോപ്പുകൾ നടത്താറുണ്ടായിരുന്നു. പക്ഷേ, പിന്നീട് അതൊരു ജനതയുടെ ഇടമായി മാറി. കുട്ടികളുടെ മാതാപിതാക്കൾക്ക് വേണ്ടി കാർഷിക വർക്ഷോപ്പുകൾ സംഘടിപ്പിക്കാൻ തുടങ്ങി. അത്കൂടാതെ സ്ത്രീകള്‍ക്കും തൊഴിലില്ലാത്ത യുവാക്കള്‍ക്കും വേണ്ടി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയും ചെയ്‌തു.
"ശിക്ഷാലയയിലൂടെ ഞങ്ങൾ തിരിച്ചറിഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം സർക്കാർ സ്കൂളുകളിൽ പ്രവർത്തിക്കുമ്പോൾ ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പരീക്ഷണങ്ങൾ ചെയ്യുന്നതിൽ ഒരുപാട് പരിമിതികൾ ഉണ്ടെന്നാണ്." - ഗൗരവ്
പൊതു വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക എന്നത് ഇരുവരും മുന്നോട്ട് വെയ്ക്കുന്ന എല്ലാ പദ്ധതികളുടേയും പ്രധാന ലക്ഷ്യമായിരുന്നു. ശിക്ഷാലയയിലൂടെയും സർക്കാർ സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി വർക്ഷോപ്പുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് കുറൈയിലെ സർക്കാർ സ്കൂളിലെ അദ്ധ്യാപകരുടെ വൈകിയുള്ള വരവ് ഗൗരവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് അദ്ദേഹം പഞ്ചായത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും ഈ വിഷയം അവതരിപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് ഈ വിവരം കുറൈയിലെ പട്ടിക വർഗ്ഗ വകുപ്പിനെ അറിയിക്കുകയും പരിഹാരമായി ഗൗരവ് പറഞ്ഞ ഫിംഗർപ്രിന്റ് പഞ്ചിങ് മെഷീൻ സ്ഥാപിക്കുകയും ചെയ്തു. അദ്ധ്യാപകർക്ക് അതിനോട് പൂർണമായി യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് കൃത്യ സമയത്ത് സ്കൂളിൽ എത്താൻ തുടങ്ങി. നവേന്ദു കൂടുതലായും ശ്രദ്ധിച്ചിരുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഭരണഘടനാ മൂല്യങ്ങളും അവബോധവും നൽകുന്നതിലായിരുന്നു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരണമെന്നും മാനുഷിക മൂല്യങ്ങളില്ലാതെ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കില്ല എന്നും അദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. നവേന്ദു ചേർത്ത് പിടിക്കുന്ന ശക്തമായ ആശയങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ പ്രതിഫലിക്കുന്നുമുണ്ട്. പഞ്ചായത്തിന്റെ ഭരണനിർവ്വഹണത്തെ കുറിച്ച് കുട്ടികൾ മനസ്സിലാക്കാനായി വിവിധ പദ്ധതികളെ കുറിച്ച് കുട്ടികളെക്കൊണ്ട് വിവരങ്ങൾ ശേഖരിപ്പിക്കാറുണ്ട്. ചേഞ്ച്‌ലൂം ലേണിംഗ് ഫെലോഷിപ്പ്, പ്ലസ് ട്രസ്റ്റ് ഫെലോഷിപ്പ്, ഐ.ഐ.എം ലഖ്‌നൗ പ്രേർണ ഫെലോഷിപ്പ്, വിപ്രോ സീഡ് ഫെലോഷിപ്പ് എന്നീ ഫെലോഷിപ്പുകൾ നവേന്ദുവിന് ലഭിച്ചിട്ടുണ്ട് . ഫെലോഷിപ്പുകളിലൂടെ അദ്ദേഹത്തിന് കിട്ടിയ അറിവുകൾ എല്ലാം തന്നെ അഗ്രിണിയിലൂടെ കുട്ടികൾക്കും അദ്ധ്യാപകർക്കും പകർന്ന് നൽകാറുണ്ട്.
“ഞാൻ കുറൈ ഗ്രാമത്തിലാണ് വളർന്നത്. പെഞ്ച് ടൈഗർ റിസർവിനോട് ചേർന്നാണ് കുറൈ സ്ഥിതി ചെയ്യുന്നത്. നിവാസികളിൽ ഭൂരിഭാഗവും കർഷകരും സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരുമാണ്. അദ്ധ്യാപകർ അപൂർവ്വമായി മാത്രം ഹാജരായിരുന്ന സർക്കാർ സ്‌കൂളുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരതയുള്ള രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സിവിനിയിലേക്ക് അയക്കാൻ കഴിയുമായിരുന്നു. ബാക്കിയുള്ളവർ വിദ്യാഭ്യാസം ഉപേക്ഷിക്കുകയും ചെയ്തിരുന്നു,” ഗൗരവ് പറഞ്ഞു
ശിക്ഷാലയയിലൂടെയുള്ള സർക്കാർ സ്കൂളുകളിലെ പ്രവർത്തന അനുഭവങ്ങളും കുറൈ എന്ന ഗ്രാമത്തിൽ സ്കൂളിന്റെ ആവശ്യകതയേയും മാനിച്ചാണ് അഗ്രിണി എന്ന സ്കൂളിന് തറക്കല്ലിടുന്നത്. ആ ഗ്രാമത്തിൽ തന്നെയായിരുന്നു ഗൗരവ് ജനിച്ച് വളർന്നത്. അനുഭവപരമായ പഠനമാണ് അഗ്രിണി വഴി മുന്നോട്ട് വെയ്ക്കുന്നത്. സ്കൂൾ എടുക്കുന്ന പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങൾക്കും ആ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രധാന പങ്കുണ്ട്. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഫീസ് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വരെ പ്രദേശവാസികൾക്ക് വിട്ട് നൽകുന്നുണ്ട്. കായികപ്രവർത്തനത്തിന് നൽകുന്ന പ്രാധാന്യമാണ് അഗ്രിണിയുടെ മറ്റൊരു വ്യത്യസ്തത. ലിംഗ സമത്വം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നെറ്റ്ബോൾ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിക്കുകയും ’വൺ നേഷൻ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ‘ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തികൊണ്ടുള്ള ടീമുമായി മത്സരിക്കുകയും ചെയ്തു.
"സ്കൂൾ നടത്തുന്നതിനൊപ്പം തന്നെ ഞങ്ങൾ പ്രാദേശിക തിരഞ്ഞെടുപ്പുകളിലും സമരങ്ങളിലും പങ്കെടുക്കുകയും സ്ഥാനാർത്ഥികളെ അവരുടെ പ്രകടനപത്രിക നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യാറുണ്ട്," നവേന്ദു പറഞ്ഞു.
വളരെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ളവരാണ് ഗൗരവും നവേന്ദുവും. സിവിനി ജില്ലയിലെ 'നാഗ്രിക് മോർച്ച' എന്ന രാഷ്ട്രീയ പാർട്ടിയിലൂടെയാണ് ഇരുവരും പ്രവർത്തിക്കുന്നത്. ഗൗരവാണ് പാർട്ടിയുടെ സ്ഥാപകൻ. സിവിനിയിൽ നിരവധി തവണ തിരഞ്ഞെടുപ്പിൽ നാഗരിക് മോർച്ചയുടെ പ്രതിനിധികൾ മത്സരിക്കുകയും മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ രണ്ട് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഗൗരവ് തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായുള്ള ആസൂത്രണത്തിലാണ്. 'അൺമാനിഫെസ്റ്റോ' എന്ന പ്രചാരണവും ഇരുവരുടെയും രാഷ്ട്രീയ പ്രവർത്തനത്തിലെ മറ്റൊരു പൊൻതൂവലാണ്. യുവതീയുവാക്കളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് പ്രകടനപത്രിക തയ്യാറാക്കി മത്സരാർത്ഥികൾക്ക് നൽകുകയായിരുന്നു അൺമാനിഫെസ്റ്റോയിലൂടെ ചെയ്തിരുന്നത്. അതുകൂടാതെ നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലേയ്ക്കും എത്തിക്കാൻ വേണ്ടി ദേശീയ തലത്തിൽ നടക്കുന്ന പ്രസ്ഥാനമായ 'ശിക്ഷ സത്യാഗ്രഹയുടെ’ ഭാഗമായും ഇരുവരും പ്രവർത്തിക്കുന്നുണ്ട്.
"ഞങ്ങളുടെ അഭിപ്രായത്തിൽ സ്കൂൾ ഒരു സാമൂഹിക സ്ഥാപനമാണ്. കാരണം, സ്കൂൾ സമൂഹത്തിന്റെ ഭാഗമാണ്. ഭാവിയിൽ അതേ സമൂഹത്തിന്റെ പരിവർത്തനത്തിന് വേണ്ടിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് ഒരിക്കലും സ്കൂളിനെ സമൂഹത്തിൽ നിന്ന് വേർപ്പെടുത്താൻ സാധിക്കില്ല. അത് സാധ്യമാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ആ സമൂഹത്തെ വിശ്വസിക്കുക എന്നതാണ്." – ഗൗരവ്
"അഗ്രിണി ഒരു വൻ വിജയമായിട്ട് ഞങ്ങൾക്ക് എന്ന് തോന്നുന്നുവോ അന്ന് ഞങ്ങൾ സ്കൂൾ അടച്ച് പൂട്ടും. കാരണം, ഞങ്ങൾ വിശ്വസിക്കുന്നത് പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലാണ്". – നവേന്ദു
ഇരുവരും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളും ചേർത്ത് പിടിക്കുന്ന മൂല്യങ്ങളും അഗ്രിണി സന്ദർശിക്കുന്ന ഏതൊരാൾക്കും അവിടെയുള്ള അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും പ്രതിഫലിക്കുന്നത് കാണാൻ സാധിക്കും. അഗ്രിണി ഒരു പരീക്ഷണ സ്കൂളാണെന്ന് പറഞ്ഞുവെയ്ക്കുമ്പോഴും അതിന്റെ പ്രവർത്തന രീതി കൊണ്ട് മറ്റുള്ള സ്വകാര്യ-സർക്കാർ സ്കൂളുകൾക്ക് മാതൃകയാകുന്നു കൂടിയുണ്ട്. സ്കൂൾ ഒരു വൻ വിജയമായാൽ അടച്ച് പൂട്ടുമെന്ന് നവേന്ദു പറയുന്നത് മേൽപ്പറഞ്ഞ മാതൃക പ്രയോഗികമായി പ്രവർത്തിക്കുമ്പോളാണ്. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വേണം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കാൻ എന്ന് ഇരുവരും ഉറച്ച് വിശ്വസിക്കുന്നതിനോടൊപ്പം തന്നെ അഗ്രിണിയിലൂടെ സർക്കാർ സ്കൂളുകൾക്ക് വേണ്ട അഴിച്ച്പണികളും നടത്താറുണ്ട്. അഗ്രിണി ഒരു പരീക്ഷണശാലയായി ലോകത്തിന്റെ മുമ്പിൽ തുറന്നു വെയ്ക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ പരിവർത്തനത്തിന് വേണ്ടിയുള്ള പോരാട്ടവും പരീക്ഷണങ്ങളിലൂടെ പുനർജ്ജനിക്കുന്ന സൃഷ്ടികളും നമുക്ക് അവിടെ കാണാൻ സാധിക്കും.
ഗൗരവും നവേന്ദുവുമായി ബന്ധപ്പെടാൻ: contact@agrini.org
വെബ്സൈറ്റ്: https://www.agrini.org/
സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യൂ:
Comments