പരിന്ദേയ്: മാധവ് രാജ്
അലൈവ്ലിഹുഡ്: വിദ്യാഭ്യാസം
പ്രദേശം: ധർമ്മപുരി, തമിഴ്നാട്
“എന്റെ ജീവിതയാത്ര തുടങ്ങുന്നത് തന്നെ പുവിധത്തിൽവെച്ചാണ്. എന്റെ ജീവിത പങ്കാളിയെ കണ്ട്മുട്ടുന്നതും ഞങ്ങളുടെ രണ്ട് കുട്ടികളും പഠിക്കുന്നതും ഇവിടെയാണ്.”
- മാധവ് രാജ്
മാനുഷികവും ശിശുകേന്ദ്രീകൃതവുമായ വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്‌തു പ്രവർത്തിക്കുന്ന ഒരു ബദൽ വിദ്യാലയം അഥവാ പഠന കേന്ദ്രമാണ് പുവിധം. പുവിധം എന്നാൽ ഭൂമിയോടുള്ള സ്നേഹം എന്നാണർത്ഥം. മാധവ് രാജ് പുവിധത്തിലെ പ്രിൻസിപ്പാളാണ്. അതിലുപരി കുട്ടികളുടെ റോൾ മോഡൽ കൂടിയാണ്. 22 വർഷമായി പുവിധത്തിന്റെ ഒപ്പം അദ്ദേഹവും വളർന്നുകൊണ്ടിരിക്കുകയാണ്.
തമിഴ് നാട്ടിലെ ധർമ്മപുരി ജില്ലയിലെ ബാലജംഗമനഹള്ളി എന്ന ചെറിയ ഗ്രാമത്തിലാണ് മാധവ് രാജ് ജനിച്ച് വളർന്നത്. സാധാരണ ഒരു കർഷക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. +2 പഠനം പൂർത്തിയാക്കിയ ശേഷം ഇനി എന്ത് എന്നുള്ള ചിന്തയിലാണ് തന്റെ ഗ്രാമത്തിൽ നിന്ന് 4 കിലോ മീറ്റർ മാത്രം ദൂരെയുള്ള നാഗർകൂടൽ ഗ്രാമത്തിലെ പുവിധം എന്ന ബദൽ സ്കൂളിലൊരു അദ്ധ്യാപകന്റെ ഒഴിവുണ്ടെന്ന് അദ്ദേഹം അറിയുന്നത്. അതിനോടൊപ്പം തന്നെ തന്റെ സഹോദരന്റെ 5 വയസ്സുള്ള മകന്റെ പരിപാലനം കൂടി ചെയ്യാമെന്ന ഉദ്ദേശ്യത്തോടെയാണ് അങ്ങോട്ടേക്ക് പോകുന്നത്. പുവിധത്തിന്റെ സ്ഥാപകരായ മീനാക്ഷിയുടേയും ഉമേഷിന്റെയും വസ്ത്രധാരണ രീതി മുതൽ അവരുടെ വിദ്യാഭ്യാസ ആശയങ്ങൾ വരെ മാധവ് രാജിന് പുതുമയുള്ളതും അതോടൊപ്പം തന്നെ അവിശ്വസനീയവും ആയിരുന്നു.
അതേ സമയം, താൻ പഠിച്ച് വന്ന വിദ്യാഭ്യാസ രീതിയിലും മാധവ് രാജിന് ലജ്ജ തോന്നിയിരുന്നു. “ഞാൻ പത്താം ക്ലാസ്സിൽ പഠിച്ച അതേ ഉപന്യാസം +2-വിലും എഴുതിയിട്ടുണ്ട്. അതിൽ എനിക്ക് ഇന്നും ലജ്ജ തോന്നുന്നുണ്ട്. “ മാധവ് രാജ് പറഞ്ഞു. മീനാക്ഷിയും ഉമേഷുമായിട്ടുള്ള ചർച്ചയിൽ നിന്നും അവർ പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്ന് മാറി നടക്കുവാൻ ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അങ്ങനെയാണ് 2000-ത്തിൽ മാധവ് രാജ് പുവിധത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.
1992 - ൽ മീനാക്ഷിയും തന്റെ ജീവിത പങ്കാളിയായ ഉമേഷും നഗർകൂടൽ എന്ന ഗ്രാമത്തിലേക്ക് എത്തിയത് ലളിതമായ ഒരു ജീവിതം നയിക്കാനും സ്വന്തമായി കൃഷി ചെയ്തു ഉണ്ടാക്കുന്ന ജൈവമായ ആഹാരം കഴിക്കാനുമാണ്. അതിനോടൊപ്പം തന്നെ മീനാക്ഷിയുടെ ഉള്ളിലുള്ള വിദ്യാഭ്യാസ ആശയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുക എന്ന ആഗ്രഹം കൂടെയുണ്ടായിരുന്നു. 12 ഏക്കർ ഉള്ള തരിശ് ഭൂമിയിലാണ് ഇന്ന് കാണുന്ന ഹരിതാഭയും പച്ചപ്പുമുള്ള പുവിധം പടുത്തുയർത്തിയത്. എപ്പോഴും വളരെ വരണ്ട കാലാവസ്ഥയുള്ള പ്രദേശമാണ് ധർമ്മപുരി അത്കൊണ്ട് തന്നെ അവിടെ രൂക്ഷമായ ജലക്ഷാമവും നേരിട്ടിരുന്നു. 92-ൽ മീനാക്ഷിയും ഉമേഷും അവിടേയ്ക്ക് വരുന്ന സമയത്ത് പേരിന് പോലും ഒരു ജലസ്രോതസ് ആ ഭൂമിയിൽ ഇല്ലായിരുന്നു. തുടക്കകാലത്ത് ഒരു കിലോമീറ്റർ ദൂരെയുള്ള അയൽഗ്രാമമായ അവ്വൈനഗറിൽ സൈക്കിൾ വഴിയാണ് പുവിധത്തിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. 300 മീറ്റർ അകലെയുള്ളൊരു ഉറവയിൽ നിന്ന് മീനാക്ഷി തലയിൽ ചുമന്ന് കൊണ്ടാണ് മൃഗങ്ങൾക്കും മറ്റ് വീട്ടിലെ ആവിശ്യങ്ങൾക്കും വെള്ളം ശേഖരിച്ചിരുന്നത്. പിന്നീട് 2003-ൽ, 2013 വരെ ഹോസ്റ്റൽ (ഓൾഡ് ഹോസ്റ്റൽ) സ്ഥിതി ചെയ്തിരുന്ന ജലസ്രോതസുള്ള സ്ഥലം വാങ്ങിക്കുകയും അവിടുന്ന് വെള്ളം ശേഖരിക്കാനും തുടങ്ങി. പക്ഷേ, മേൽപ്പറഞ്ഞ ജല ലഭ്യതയുടെ പ്രശ്നങ്ങൾ ഒരു പരിധി വരെ പുവിധം മുന്നോട്ട് വെയ്ക്കുന്ന വ്യത്യസ്തമായ കൃഷിരീതിയിലൂടെയും ജീവിതരീതിയിലൂടെയും മറികടക്കാൻ സാധിക്കുന്നുണ്ട്. ഡ്രൈ ടോയ്‌ലെറ്റും, മൂത്രവും വെള്ളവും കൂട്ടിച്ചേർത്തുള്ള മിശ്രിതം കൃഷിക്ക് ഉപയോഗിക്കുന്നതുമെല്ലാം അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. മീനാക്ഷിക്ക് തന്റെ ജീവിതാനുഭവം കൊണ്ട് സ്വന്തം മക്കളെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിൽ ഒട്ടും താല്പര്യമില്ലായിരുന്നു. "മത്സരബുദ്ധിയും,പ്രകൃതിയെ നശിപ്പിക്കുന്ന ചിന്തയും, ഇരട്ട വ്യക്തിത്വവും നൽകുന്ന മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമായ സ്കൂളുകളിലേക്ക് എന്റെ കുട്ടികളെ വിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഞാൻ എന്റെ കുട്ടികളെ ഹോം സ്കൂൾ ചെയ്യാൻ തീരുമാനിച്ചു." മീനാക്ഷി കൂട്ടിച്ചേർത്തു. മീനാക്ഷിയുടെ സ്വദേശം ഉത്തർ പ്രദേശായിരുന്നു. കുട്ടികൾ എവിടെയാണോ പഠിക്കുന്നത് അവിടുത്തെ മാതൃഭാഷയിൽത്തന്നെ പഠിക്കണം എന്ന് മീനാക്ഷിക്ക് നിർബന്ധമുണ്ടായിരുന്നു. മീനാക്ഷിയെയും അവരുടെ കുട്ടികളെയും തമിഴ് പഠിപ്പിക്കുക എന്ന പ്രാഥമിക ഉദ്ദേശ്യത്തോടെയായിരുന്നു മാധവ് രാജിനെ അദ്ധ്യാപകനായി നിയമിക്കുന്നത്. അങ്ങനെയാണ് പുവിധം എന്ന ബദൽ വിദ്യാലയം ഉടലെടുക്കുന്നത്.
സുസ്ഥിര ജീവിതമാണ് പുവിധം പഠന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഏഴ് വിദ്യാര്‍ത്ഥികളുമായിട്ടാണ് പുവിധത്തിന്റെ ആരംഭം. മാർക്കും, റാങ്കും, ബ്ലാക്‌ബോർഡുമൊന്നുമില്ലാത്ത സ്കൂളിലേക്ക് എങ്ങനെ മാതാപിതാക്കൾ അവരുടെ കുട്ടികളെ വിടുമെന്ന് മാധവ് രാജിന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ, ഇന്ന് അദ്ദേഹത്തിന്റെ മകൻ ഉൾപ്പെടെ ഏകദേശം എൺപതോളം കുട്ടികൾ പുവിധത്തിൽ പഠിക്കുന്നുണ്ട്. കൃഷി മുതൽ പാചകം വരെ ഒരു മനുഷ്യന് ജീവിക്കാൻ ആവശ്യമുള്ള പലതരം ദൈനംദിന പ്രവൃത്തികളിൽ കുട്ടികൾ ഏർപ്പെടാറുണ്ട്.
പുവിധത്തിലെ സുസ്ഥിര ജീവിതത്തിന്റെ ഭാഗമായി പാഠ്യപദ്ധതികൾ അഞ്ചായിട്ട് തരം തിരിച്ചിട്ടുണ്ട്: സൂര്യൻ, ഭൂമി, ജലം, വായു, അന്തരീക്ഷം. എൻ.സി.ഇ.ആർ.റ്റി.യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചും കുട്ടികളുടെ പ്രായം കണക്കിലെടുത്തുമാണ് ഓരോ ക്ലാസ്സുകളിലെയും പാഠ്യപദ്ധതികൾ തയ്യാറാക്കുന്നത്. ഓരോ മൊഡ്യൂളുകളിലും 4 കഥകൾ വീതം ഉണ്ടാകും രണ്ട് ഭാഷകളിലായി. രാവിലെ തമിഴിൽ പഠിക്കുന്ന അതേ കാര്യങ്ങൾ ഉച്ചയ്ക്ക് ശേഷം ഇംഗ്ലീഷിലും കുട്ടികൾ പഠിക്കും. വിവിധതരം കളികളിലൂടെയും പ്രവൃത്തികളിലൂടെയുമാണ് കുട്ടികൾ ഓരോ പുതിയ കാര്യങ്ങൾ പഠിക്കുന്നത്. സോപ്പ് നിർമ്മാണവും, കൃഷിയും, പാചകവും, കൊത്തുപണിയും, കരകൗശലവസ്തു നിർമ്മാണവും എല്ലാം തന്നെ കുട്ടികളുടെ പഠനത്തിന്റെ ഒഴിച്ച് കൂടാൻ പറ്റാത്ത ഘടകങ്ങളാണ്. മുഖ്യധാരാ വിദ്യാഭ്യാസത്തിന് പിറകെ ലോകം പായുമ്പോൾ പുവിധത്തിന്റെ മണ്ണിൽ തലച്ചോറിൽ യന്ത്രങ്ങൾ പ്രവർത്തിക്കാത്ത പച്ച മനുഷ്യർ ഉടലെടുത്തുകൊണ്ടിരിക്കുകയാണ്.
"മൂന്ന് വർഷത്തിൽ കൂടുതൽ സമയം വേണ്ടി വന്നു എനിക്ക് വിദ്യാഭ്യാസത്തിലൂടെ പുവിധം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ മനസിലാക്കാൻ," മാധവ് രാജ് കൂട്ടിച്ചേർത്തു. മൂന്ന് വർഷത്തിന് ശേഷം ആണ് മീനാക്ഷി മാധവ് രാജിനെ പരിശീലനത്തിനായി ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന വികാസന സ്കൂളിലേക്ക് അയക്കുന്നത്. അവിടുത്തെ ഒരു മാസത്തെ പരിശീലനത്തെ അദ്ദേഹം കാണുന്നത് ജീവിതത്തിന്റെ തന്നെ അടുത്ത ഘട്ടമായിട്ടാണ്. കുട്ടികളെ പഠിപ്പിക്കുന്ന രീതി, അവരുമായി ഇടപഴകുന്ന കാര്യങ്ങളൊക്കെ മാധവ് രാജ് മനസിലാക്കിയത് അവിടെനിന്നായിരുന്നു. പിന്നീട് തിരിച്ച് വന്ന ശേഷം അദ്ദേഹം വിദ്യാഭ്യാസത്തെ നോക്കിക്കാണുന്ന രീതികൾ മാറാൻ തുടങ്ങി. 2005-ൽ മീനാക്ഷിയോടൊപ്പം ചേർന്നു കൊണ്ട് കുട്ടികൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ പാഠ്യപദ്ധതികൾ മാധവ് രാജ് തയ്യാറാക്കി. അതൊരു നല്ല മാറ്റത്തിന്റെ തുടക്കമായിരുന്നു. കുട്ടികൾക്ക് പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള പഠനത്തിന് അത് കൂടുതൽ വഴിയൊരുക്കി.
പുവിധത്തിലൂടെയുള്ള ജീവിതയാത്രയിൽ മാധവ് രാജ് ഇപ്പോഴും ഓരോ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പ്രതിസന്ധികൾ ഇതിനിടയിലൂടെയെല്ലാം കടന്ന് പോയിട്ടുണ്ട്. അങ്ങനെ അദ്ദേഹം നേരിട്ടൊരു പ്രതിസന്ധി ആയിരുന്നു പെട്ടെന്ന് ദേഷ്യപ്പെടുക എന്നത്. "കുട്ടികൾ ചെയ്യുന്ന ചെറിയ തെറ്റുകളിൽ പെട്ടെന്ന് ദേഷ്യപ്പെടുന്നൊരു അദ്ധ്യാപകനായിരുന്നു ഞാൻ. കുട്ടികളെ അടിക്കാൻ പാടില്ല എന്ന് മീനാക്ഷി അക്കയുടെ താക്കീത് നിരവധി തവണ കിട്ടിയിട്ടുണ്ടെങ്കിലും എന്റെ ദേഷ്യം എനിക്ക് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. പക്ഷെ ഞാൻ പഠിപ്പിച്ചിരുന്ന ഒരു വിദ്യാർത്ഥിനി എന്നെ മാറ്റി ചിന്തിപ്പിച്ചു" - മാധവ് രാജ് പറഞ്ഞു. കുട്ടികളെ തല്ലുന്നത് തന്റെ അദ്ധ്യാപക ദൗത്യത്തിന്റെ ഭാഗമായിരുന്ന സമയത്താണ് ഒരു ദിവസം ഒരു കുട്ടി ഹോംവർക്ക് ചെയ്യാതെ ക്ലാസ്സിലേക്ക് വരുന്നത്. എന്തുകൊണ്ട് ഹോംവർക് ചെയ്തില്ല എന്ന ചോദ്യത്തിന് കിട്ടിയ മറുപടിയായിരുന്നു അദ്ദേഹത്തെ കടുത്ത ദേഷ്യത്തിലാക്കിയത്. “ഞാൻ ഈ പേജിൽ എഴുതിയതാണ് പക്ഷേ ഇപ്പോൾ ഇവിടെ കാണുന്നില്ല” എന്നതായിരുന്നു കുട്ടിയുടെ മറുപടി. അതിനോടൊപ്പം തന്നെ അടുത്തത് വടി കൊണ്ടുള്ള അടിയാണെന്ന് മുൻകൂട്ടി മനസിലാക്കിയ കുട്ടി നിർവികാരത്തോടെ കൈ നീട്ടി അദ്ദേഹത്തിന്റെ മുമ്പിൽ നിന്നു. കുട്ടികളെ തല്ലുന്നതിന്റെ പ്രസക്തി എന്താണെന്ന് അദ്ദേഹത്തെ ഇരുത്തി ചിന്തിപ്പിച്ച ഒരു സംഭവമായിരുന്നു അത്. പിന്നീട് ഇന്ന് വരെ മാധവ് രാജ് കുട്ടികളെ അടിച്ചിട്ടില്ല.
"മാധവ് രാജിൽ എനിക്ക് ഏറ്റവും അത്ഭുതകരമായി തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ ആത്മാർത്ഥയാണ്. പഠന സഹജാവബോധം അവനിൽ ഇപ്പോഴും സജീവമാണ്.കുട്ടികൾക്ക് അയാളുടെ കൂടെ സമയം ചിലവഴിക്കാനും ഒരുപാട് ഇഷ്ട്ടമാണ്. കാരണം, അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങളിൽ നിന്നും ,പോയ യാത്രകളിൽ നിന്നുമാണ് ഓരോ കഥകൾ കുട്ടികളിലേക്ക് എത്തിക്കുന്നത്". മീനാക്ഷി പറഞ്ഞു.
22 വർഷമായി പുവിധത്തിന്റെ ഉത്ഭവം മുതൽ എല്ലാ ഉയർച്ച താഴ്ചകളിലും മാധവ് രാജ് ഭാഗമാണ്. പുവിധത്തിന്റെ തത്വചിന്തയായ സുസ്ഥിര ജീവിതം കുട്ടികളിലേക്ക് എത്തിക്കുന്നതിൽ മാത്രമല്ല തന്റെ ഹൃദയത്തിലേക്ക് ചേർത്ത് പിടിക്കുന്നതിലും മാധവ് രാജ് വിജയിച്ചിട്ടുണ്ട്. ഭാവിയിലും മേൽപ്പറഞ്ഞ ചിന്ത ഒരുപാട് കുട്ടികളിൽ പ്രതിഫലിപ്പിക്കണം എന്ന ആഗ്രഹത്തിലാണ് അദ്ദേഹം. പുവിധത്തിന്റെ ഹൃദയമായി മീനാക്ഷി ജീവിക്കുമ്പോൾ അതിന്റെ ഓരോ തുടിപ്പിലും മാധവ് രാജിനുള്ള പങ്ക് വളരെ വലുതാണ്.
മാധവ് രാജുമായി ബന്ധപ്പെടാൻ: puvidham@gmail.com
വെബ്സൈറ്റ്: http://puvidham.in
സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യൂ:
Comentarios