പരിന്ദേ: നാസർ ബന്ധു
അലൈവ്ലിഹുഡ്: സാമൂഹിക പ്രവർത്തനം
പ്രദേശം: ചക്ള, പർഗ്‌നസ് ജില്ല, വെസ്റ്റ് ബംഗാൾ
“എന്റെ മെയിൻ ഒബ്ജെക്റ്റീവ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അല്ല; അത് എന്റെ ഹാപ്പിനെസ്സാണ്. അതിന്റെ ബൈ പ്രോഡക്റ്റാണ് സോഷ്യൽ വർക്ക്.” - നാസർ ബന്ധു
ഓരോ ആളുകളും ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നത് ഓരോ രീതിയിലാണ്. അബ്ദുൽ നാസർ എന്ന മൂവാറ്റുപുഴക്കാരൻ ചെറുപ്പക്കാരൻ തന്റെ സന്തോഷം കണ്ടെത്തുന്നത് വെസ്റ്റ് ബംഗാളിൽ സ്ഥിതിചെയ്യുന്ന ചക്ള എന്ന കൊച്ച് ഗ്രാമത്തിന്റെ ബന്ധുവായി ജീവിച്ച് കൊണ്ടാണ്. ബംഗാളി ഭാഷയിൽ 'ബന്ധു' എന്നാൽ ചങ്ങാതി എന്നാണർത്ഥം.
ചക്ളയുടെ ഹൃദയഭാഗമായ ലോക്‌നാഥ് ബാബ ക്ഷേത്രത്തിന്റെ സമീപത്താണ് നാസറിന്റെ താമസം. ചക്ളയിലെത്തി ആരോട് ചോദിച്ചാലും ചെറുപുഞ്ചിരിയോടെ, അതിലേറെ ആഹ്‌ളാദത്തോടെ, ബന്ധുവിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ച് തരും. പ്രായവ്യത്യാസമില്ലാതെ ഗ്രാമത്തിലുള്ളയെല്ലാവരും നാസറിനെ ബന്ധു എന്നാണ് വിളിക്കാറുള്ളത്.
കേരളത്തിലെ എറണാകുളം ജില്ലയിലെ മുവാറ്റുപുഴയിലാണ് നാസറിന്റെ സ്വദേശം. സ്കൂൾ ജീവിതമെല്ലാം എറണാകുളത്തിന്റെ പല ഭാഗങ്ങളിലായിരുന്നു. അതിന് ശേഷം ഇസ്ലാമിയ കോളേജ്, തളികുളത്ത് നിന്ന് സോഷ്യോളജിയിൽ ബിരുദം നേടി. പിന്നീട് ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും നേടി.
അബ്ദുൽ നാസറിൽ നിന്ന് നാസർ ബന്ധുവിലേക്കുള്ളൊരു പരകായപ്രവേശനമായിരുന്നു ചക്ളയുടെ മാറ്റത്തിന്റെ തുടക്കം. ബന്ധുവിന് മുമ്പും ശേഷവും എന്നരീതിയിൽ നമ്മുക്ക് ചക്ളയെ തരം തിരിക്കാൻ സാധിക്കും. 2011-ൽ ഹ്യൂമൻ കെയർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രൊജക്റ്റ് കോർഡിനേറ്ററായിട്ടാണ് നാസർ ചക്ളയിലേക്കു ആദ്യം വരുന്നത്. പിന്നീട് നീണ്ട അഞ്ച് വർഷക്കാലം ജോലിയുടെ ഭാഗമായിട്ട് അവിടെ തുടർന്നു. ഈ കാലയളവിലാണ് നാസർ ആ ഗ്രാമത്തെ കൂടുതൽ അറിയാൻ തുടങ്ങുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ നോർത്ത് 24 പർഗ്‌നസിലാണ് ചക്ള എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൽ നിന്ന് ഏറ്റവും അടുത്ത സർക്കാർ ആശുപത്രിയിൽ എത്താൻ 18 കിലോമീറ്റർ സഞ്ചരിക്കേണ്ടതായുണ്ട്. ചക്ളയിൽ എട്ടോളം ഡോക്ടർമാരുടെ ക്ലിനിക്കുകളുണ്ട്. അവയിൽ ഭൂരിഭാഗം ഡോക്ടർമാരുടെയും വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസിയിൽ താഴെയും. പേരിന് മാത്രം പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ, പാതി വഴിയിൽ പഠനം ഉപേക്ഷിക്കുന്ന വിദ്യാർത്ഥികൾ, കർഷർക്ക് എതിരെ ജന്മികൾ നടത്തുന്ന സാമ്പത്തിക ചൂഷണങ്ങൾ. ഇങ്ങനെ നീളും ചക്ളയിലെ ഗ്രാമീണർ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ. തന്റെ പ്രൊജക്റ്റ് അവസാനിച്ചിട്ടും നാസറിനെ അവിടെ പിടിച്ച് നിർത്തിയത് മേൽ പറഞ്ഞ പ്രശ്നങ്ങളിലൂടെയെല്ലാം ആ നീണ്ട അഞ്ച് വർഷക്കാലം കടന്ന് പോയതുകൊണ്ടായിരുന്നു.
2016-ലാണ് നാസർ തന്റെ സ്വന്തം സംരംഭമായ സീറോ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ. ചക്ളയിൽ സ്ഥാപിക്കുന്നത്. തുടക്കത്തിൽ നിരവധി പ്രതിസന്ധികൾ നാസറിന് നേരിടേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു അതിലെ ആദ്യ പ്രതിസന്ധി. പലിശയ്ക്ക് കടം വാങ്ങിയും, സുഹൃത്തുക്കൾ സഹായിച്ചും, തന്റെ ജീവിതത്തിലെ സമ്പാദ്യം ചിലവഴിച്ചുമൊക്കെയാണ് തുടക്കകാലം സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നത്. ഗ്രാമത്തിലെ ഭൂരിഭാഗം നിവാസികളും അവരുടെ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത് കൃഷിയിലൂടെയായിരുന്നു. നാസറും ആ വഴി തന്നെ തിരഞ്ഞെടുത്തു. ചണവും, കടുക് പാടങ്ങളും നെൽകൃഷിയും കൊണ്ട് സമൃദ്ധമായിരുന്നു ചക്ളയുടെ ഭൂപ്രകൃതി. ഇവ കൂടാതെ ആളുകൾ ഏർപ്പെട്ടിരുന്ന മറ്റൊരു കൃഷി രീതിയായിരുന്നു നേഴ്സറികൾ. നാസർ പാട്ടത്തിനെടുത്ത സ്ഥലത്ത് നേഴ്‌സറി ആരംഭിച്ച് കുറച്ച് കർഷകർക്ക് ജോലിയും നൽകി. നാസർ അനുഭവിച്ചിരുന്ന സാമ്പത്തികമായ ബുദ്ധിമുട്ടിന് ശമനമുണ്ടായെങ്കിലും അവരിലേക്ക് ഇറങ്ങി ചെന്ന് പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആ ബുദ്ധിമുട്ട് മറികടക്കാൻ വേണ്ടി നാസർ ചക്ളയിൽ സ്ഥിരതാമസമാക്കി. ഗ്രാമീണരെ പറ്റി കൂടുതൽ അറിയാനായി നാസർ ആദ്യം ചെയ്തത് ചക്ളയിൽ ഒരു ചായക്കട തുടങ്ങുക എന്നതായിരുന്നു. ഗ്രാമത്തെ പറ്റിയുള്ള പ്രാദേശിക ചർച്ച നടക്കുന്നയിടം ചായക്കടകളാണ് എന്ന അവബോധമായിരുന്നു ആ ഒരു ആശയത്തിന് പിന്നിൽ. ബന്ധു എന്നായിരുന്നു ചായക്കടയുടെ പേര്. പിന്നീട് ആ ഗ്രാമത്തിലെ ജനതയുടെ മുഴുവൻ ബന്ധുവായി മാറാൻ ആ ചായക്കട ചെറുതല്ലാത്തൊരു പങ്ക് വഹിച്ചിട്ടുണ്ട്.
“ഒരു കമ്മ്യൂണിറ്റിയിൽ പ്രവർത്തിക്കുമ്പോൾ, ആ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ, അവരിൽ ഒരാളായാൽ മാത്രമേ അവരുടെ പ്രശ്നങ്ങൾ മനസിലാക്കാനും തിരിച്ചറിയാനും സാധിക്കൂ എന്ന പാഠം ഞാൻ പഠിച്ചത് ദയാഭായിയുടെ ഒപ്പമുള്ള ജീവിത അനുഭവങ്ങളിൽ നിന്നായിരുന്നു,” നാസർ കൂട്ടിച്ചേർത്തു. ബന്ധുവിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു യാത്രകൾ. എംഎസ്ഡബ്ലിയുവിലെ ഇന്റേൺഷിപ്പിന്റെ ഭാഗമായി ദയാഭായിയുടെ ഒപ്പമുള്ള ജീവിതവും ദലായ് ലാമ ഫെൽലോഷിപ്പിന്റെ ഭാഗമായിട്ടുള്ള ഹിമാചൽ പ്രദേശിലെ ബുദ്ധസന്യാസിമാരുമൊത്തുള്ള താമസവുമെല്ലാം പിന്നീടുള്ള ജീവിത യാത്രയിൽ ഉൾകരുത്തതായി.
വിക്രേന്ദ്രികരണത്തിലൂടെയുള്ള ഗ്രാമീണ വികസനമാണ് നാസർ ബന്ധു സീറോ ഫൗണ്ടേഷനിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, കൃഷി, ഭവന നിർമാണം, ആരോഗ്യം എന്നീ മേഖലയിലൂടെയാണ് ഗ്രാമീണ വികസനം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഹ്യൂമൻ കെയർ ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ആദ്യം നടപ്പാക്കിയ പദ്ധതി ശൗചാലയങ്ങൾ നിർമിച്ച് നല്കുകയെന്നതായിരുന്നു. പദ്ധതി നന്നായി പൂർത്തിയാക്കാൻ സാധിച്ചെങ്കിലും ശൗചാലയം വൃത്തിയായി സൂക്ഷിക്കാത്തത് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്‌തു. നാസർ ഗ്രാമത്തെ കുറിച്ച് പഠിക്കാനായി ആദ്യം ചെയ്തത് വിശദമായൊരു സർവ്വേ നടത്തുകയായിരുന്നു. പിന്നീട് ആ സർവ്വേയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഓരോ പ്രൊജെക്ടുകളും നടപ്പിലാക്കിയത്. സർവേയിലെ അടിസ്ഥാന വിവരങ്ങൾ വെച്ച് ഗ്രാമത്തിലെ ഏറ്റവും ദരിദ്രരായ 25 കുടുംബങ്ങൾക്ക് ഒന്നര ലക്ഷം രൂപയുടെ വീടുകൾ നിർമ്മിച്ച് നൽകി. ചക്ളയിലെ സ്ത്രീ ശാക്തീകരണം നാസർ നടപ്പിലാക്കാൻ ശ്രമിച്ചത് വിദ്യാഭ്യാസം, കൃഷി, സ്വയം സഹായ സംഘങ്ങൾ എന്നീ ഘടകങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയാണ്. അതിൽ ഒരു പരിധി വരെ നാസറിന് വിജയിക്കാനും കഴിഞ്ഞു. പക്ഷേ തുടക്കത്തിൽ അത് ഒട്ടും എളുപ്പമല്ലായിരുന്നു. നിരവധി ചിട്ടികളുടെയും പലിശക്കാരുടെയും സാമ്പത്തിക തട്ടിപ്പിന് ഇരയായ ഗ്രാമീണർ നാസറിനെയും അവരിലൊരാളായി ആദ്യം തെറ്റിധരിക്കപ്പെട്ടു. പക്ഷേ തോറ്റു കൊടുക്കാൻ നാസർ തയ്യാറായിരുന്നില്ല. അയാളുടെ നിരന്തരമായ ഗ്രാമീണരുമായുള്ള ഇടപെടൽ മൂലം ഓരോരോ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കാൻ തുടങ്ങി. രൂപീകരണത്തിന് ശേഷം നാസർ ആദ്യം ചെയ്‌തത് സംഘത്തിലുള്ള എല്ലാ സ്ത്രീകൾക്കും പ്രാഥമിക വിദ്യാഭ്യാസം നല്കുകയെന്നതായിരുന്നു. പിന്നീട് സംഘത്തിലെ സ്ത്രീകൾ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് കൃഷികൾ ചെയ്യാൻ തുടങ്ങി. ഇന്ന് 43 സ്വയം സഹായ സംഘങ്ങളാണ് സീറോ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്നത്. നിലവിൽ എല്ലാ ആഴ്ചയിലും ഓരോ പുതിയ സ്വയം സഹായ സംഘങ്ങളെങ്കിലും ചക്ളയിൽ രൂപീകരിക്കാറുണ്ട്. സംഘം രൂപീകരിക്കാനായി നാസറും സ്ത്രീകളും മിക്കപ്പോഴും ഒത്തുകൂടാറുള്ളത് ചക്ള മന്ദിറിന്റെ വരാന്തയിലാണ്.
ചക്ളയിലെയും സമീപ പ്രദേശങ്ങളിലെയും സർക്കാർ സ്കൂളുകൾ പേരിന് മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. അതുകൂടാതെ വിദ്യാഭ്യാസ നിലവാരവും ശരാശരിയിൽ താഴെയാണ്. കുട്ടികൾ പഠനം ഉപേക്ഷിച്ച് ദിവസ കൂലി കിട്ടുന്ന ജോലികൾക്ക് പോകുന്നതും പതിവായിരുന്നു. തന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് നാസർ കുറച്ച് കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ട്യൂഷ്യൻ എടുക്കാൻ തുടങ്ങുന്നത്.
“ഇപ്പൊ ഉള്ള മാതൃകാ പഠന കേന്ദ്രം ഒരു സ്കൂളല്ല. സ്കൂളിൽ പഠിക്കുന്ന വിഷയങ്ങളെ സ്നേഹപൂർവം ഓർമിപ്പിക്കുന്ന, കളികളും ചിരികളും ഉള്ള പേനയും പെൻസിലും പുസ്തകവും ബാഗും കൊടുക്കുന്ന ഒരു കേന്ദ്രം. ഒരു കുഞ്ഞു മുറിയിലാണ് തുടങ്ങിയത്, പതിയെ കുട്ടികളും കൂടി.അപ്പൊ പുതിയൊരു കെട്ടിടം പണിതു. കെട്ടിടം എന്ന് പറയുമ്പോ, നീളത്തിലൊരു ഷെഡ്ഡ് . കുട്ടികൾ കൂടിയപ്പൊ അദ്ധ്യാപകരേയും കൂട്ടേണ്ടി വന്നു. ഒന്ന്, രണ്ട്, മൂന്ന് , നാല് ഇപ്പൊ ദേ അഞ്ചിലെത്തി നിൽക്കുന്നു,” നാസർ ബന്ധു പറയുന്നു.
2017 മുതൽ സീറോ ഫൗണ്ടേഷന്റെ ഭാഗമാണ് 'ബംഗാൾ യാത്ര'. എല്ലാ വർഷവും ഡിസംബർ മാസത്തിലാണ് നടത്തുക. ബംഗാൾ ഗ്രാമങ്ങിലൂടെയുള്ള 10 ദിവസം നീണ്ടു നിൽക്കുന്ന യാത്ര. തിരഞ്ഞെടുക്കുന്ന 25 പേർക്കാണ് യാത്ര ചെയ്യാനായി അവസരം ലഭിക്കുക. “എന്തിനാണെന്ന് ചോദിച്ചാൽ, യാത്ര പോകാൻ വേണ്ടി യാത്ര പോകുന്നു എന്നതാണ് സത്യമായ ഉത്തരം. വേറൊരു തരത്തിൽ പറഞ്ഞാൽ കാഴ്ചകൾ കാണുക, അനുഭവിക്കുക അങ്ങനെയങ്ങനെ…” നാസർ കൂട്ടിച്ചേർത്തു. യാത്ര പോകാൻ വേണ്ടി യാത്ര പോകുന്നുയെന്ന ഉത്തരത്തിനപ്പുറവും ബംഗാൾ യാത്ര അത് പങ്കെടുത്തവരിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. കഴിഞ്ഞ കൊല്ലത്തെ ബംഗാൾ യാത്രയിൽ പങ്കെടുത്ത അനുരാധ സാരംഗ് എന്ന ഐ ടി ജീവനക്കാരി ഇന്ന് നാസറിനോടൊപ്പം ചക്ളയിൽ പുതിയൊരു വിദ്യാഭാസ പ്രോജക്ടിന്റെ പണിപ്പുരയിലാണ്. 2019-ൽ ബംഗാൾ യാത്രയിൽ പങ്കെടുത്ത മുനീർ ഹുസൈൻ എന്ന ചെറുപ്പക്കാരൻ 'ബംഗാൾ ഡയറി കുറിപ്പുകൾ' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു. യാത്രകൾ മനുഷ്യന്റെ ചിന്തയിലുണ്ടാക്കുന്ന വ്യതിയാനങ്ങൾ ചെറുതല്ലായെന്നതിന്റെ ഉത്തമ ഉദാഹരങ്ങളാണ് ഇവ.
സീറോ ഫൗണ്ടേഷന്റെ ഭാവി പ്രൊജെക്ടുകളെ കുറിച്ച് ഓർത്ത് നാസറിന് ആശങ്കകളോ സ്വപ്നങ്ങളോ ആവലാതികളോ ഇല്ല. എല്ലാം തന്റെ സന്തോഷത്തിന്റെ ഭാഗമായിട്ട് ഉണ്ടായതാണെന്നാണ് നാസറിന്റെ വിശ്വാസം. യുവാക്കൾ പലരും ആനന്ദം കണ്ടെത്തുന്നത് പണം സമ്പാദിക്കുന്നതിലും പ്രശസ്തി നേടുന്നതിലാകുമ്പോഴും നാസർ തന്റെ സന്തോഷം കണ്ടെത്തുന്നത് ചക്ളയിലെ മനുഷ്യരുടെ ഹൃദയത്തിൽനിന്നുണ്ടാകുന്ന പുഞ്ചിരിയിൽ നിന്നാണ്. ജാതി കോളനികൾ കൊടികുത്തി വാഴുന്ന നാട്ടിൽ ഒരു ജനതയുടെ മുഴുവൻ ബന്ധുവായി അയാൾ ജീവിക്കുന്നുണ്ടെങ്കിൽ അയാൾ ആസ്വദിക്കുന്ന ആനന്ദം വാക്കുകൾക്കും അതീതമാണ്.
നാസർ ബന്ധുവുമായി ബന്ധപ്പെടാൻ: contact@zerofoundation.in
വെബ്സൈറ്റ്: https://zerofoundation.in
Comments