പരിന്ദേ: രാജാരാമൻ സുന്ദരേശൻ
അലൈവ്ലിഹുഡ്: സ്വതന്ത്ര പത്രപ്രവർത്തകൻ
പ്രദേശം: മുനിഗുഡ, രായഗഡ ജില്ല, ഒഡീഷ
“ആദിവാസി ജനതയെ മുഴുവനും നിസ്സഹായാവസ്ഥയുടെ ഇരുട്ട് മുറിയിലേക്ക് മുട്ടുകുത്തിച്ച് പ്രതികരണശേഷി ഇല്ലാതാക്കി അവരുടെ പൈതൃകത്തിന്റെ വേരുകൾ അറുത്തു മാറ്റുമ്പോൾ അവർ എന്തിനാണ് മൗനം പാലിക്കേണ്ടത്?” - രാജാരാമൻ സുന്ദരേശൻ
രാജാരാമൻ സുന്ദരേശൻ എന്ന 29 വയസ്സുള്ള ചെറുപ്പക്കാരൻ മുന്നോട്ടുവയ്ക്കുന്ന മൂർച്ചയുള്ള ചോദ്യങ്ങൾ തന്നെയാണ് അയാളെ മുന്നോട്ട് നയിക്കുന്നത്. രാജ ഒരു സ്വതന്ത്ര പത്രപ്രവർത്തകനാണ്. ഒട്ടുമിക്ക മുഖ്യധാര മാധ്യമങ്ങളും കോർപറേറ്റുകളുടെ കളിപ്പാവകളായി ആദിവാസി മേഖലകളിലെ പ്രശ്നങ്ങൾക്കു മീതെ മൗനം പാലിക്കുന്ന സാഹചര്യത്തിൽ, അതിജീവനത്തിന്റെയും ഉന്മൂലനത്തിന്റെയും കഥകൾ സ്വജീവിതത്തിന്റെ ഭാഗമായ ആദിവാസി ജനതയുടെ ശബ്ദം മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് രാജ ചെയ്യുന്നത്. "എല്ലാ മനുഷ്യർക്കും മുഖം മൂടികളുണ്ട്. ഞാൻ ചില സമയം ജേർണലിസ്റ്റിന്റെ മുഖം മൂടിയണിയും ചിലപ്പോൾ ആക്ടിവിസ്റ്റിന്റെയും", രാജ പറയുന്നു. അത് കൂടാതെ, എല്ലാ ആദിവാസി സമരങ്ങളെയും അദ്ദേഹം കാണുന്നത് പഠന കേന്ദ്രങ്ങളായിട്ടാണ്. രാജ വിശ്വസിക്കുന്നത്, ആദിവാസി മേഖലയിലുള്ള ഒരു കുട്ടിക്ക് സ്കൂളിൽ നിന്ന് പഠിക്കുന്നതിനേക്കാൾ കൂടുതൽ അറിവുകൾ ആദിവാസി സമരങ്ങളിൽ നിന്ന് ലഭിക്കുമെന്നാണ്. "ഓരോ ആദിവാസി സമരങ്ങളിൽ നിന്ന് ഞാനും പഠിച്ച് കൊണ്ടിരിക്കുകയാണ്." രാജ കൂട്ടിച്ചേർത്തു.
മാലി പർവ്വതിലെ ആദിവാസി സമരത്തെ കുറിച്ച് രാജ എഴുതിയ ലേഖനം - https://article-14.com/post/how-odisha-government-kept-the-public-out-of-a-public-hearing-for-a-bauxite-mine-619f0831a5c44
ഒറീസ്സയിലെ മുനിഗുഡ എന്ന ആദിവാസി ഗ്രാമത്തിലാണ് രാജ താമസിക്കുന്നത്. ജന്മം കൊണ്ട് തമിഴൻ ആണെങ്കിലും ജീവിതത്തിന്റെ നല്ലൊരു ശതമാനം സമയവും ഭുവനേശ്വറിൽ തന്നെയായിരുന്നു. രാജ ആദിവാസി ജനതയുടെ നീതിക്ക് വേണ്ടി പ്രവർത്തിക്കാൻ കാരണമായത് ഭുവനേശ്വറിലെ എഞ്ചിനീയറിംഗ് ജീവിതമായിരുന്നു. ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയിൽ നിന്ന് മുനിഗുഡയിലെ ആദിവാസി ജനങ്ങളിലേക്കുള്ള ജീവിതയാത്രയും ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയായിരുന്നു. തന്റെ ചുറ്റിനുള്ള കാര്യങ്ങളെ ചോദ്യം ചെയ്ത്കൊണ്ടായിരുന്നു രാജയുടെ പഠനവും ജീവിതവുമെല്ലാം മുന്നോട്ട് പോയിരുന്നത്.
2012-ൽ രാജ ഭുവനേശ്വറിലെ ‘കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി’യിൽ നിന്ന് ടെലികമ്യൂണിക്കേഷൻ ബിരുദം നേടി. 2008 മുതൽ 2012 വരെയുള്ള എഞ്ചിനീയറിംഗ് ജീവിതത്തിൽ ആണ് രാജ ആദിവാസികളെക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങുന്നത്. രാജ പഠിച്ചിരുന്ന കോളേജിന്റെ സമീപത്താണ് ‘കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്’ എന്ന സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ആദിവാസി വിദ്യാർത്ഥികൾ പഠിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണത്. താൻ പഠിച്ചിരുന്ന ക്ലാസിലും ആദിവാസി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.
രാജ അവരിലേക്ക് എത്ര ഇറങ്ങി ചെന്നിട്ടും ആരും ആയിട്ട് ഒരു സൗഹൃദം സ്ഥാപിക്കാൻ അയാൾക്ക് സാധിച്ചിരുന്നില്ല. 2009-ലാണ് രാജ് ‘റിഥം ഓഫ് നേഷൻ’ എന്ന സന്നദ്ധ സേവാ സംഘം കോളേജിൽ രൂപീകരിക്കുന്നത്.വിദ്യാർഥികളിൽ രാഷ്ട്രീയ അവബോധം ജനിപ്പിക്കാനും പാവപ്പെട്ട ആളുകളിലേക്ക് സഹായഹസ്തം നൽകുക എന്ന് പ്രധാന ഉദ്ദേശത്തോടുകൂടിയാണ് സംഘടനയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഈ സമയത്തെല്ലാം രാജ ആദിവാസികളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു കൊണ്ടേയിരുന്നു തന്റെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും അതുപോലെതന്നെ സ്കൂളിൽ നിന്നും എല്ലാം അവരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു.
2012-ലെ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷം ‘വിപ്രോ’ എന്ന ഐടി കമ്പനിയിൽ ജോലി ലഭിച്ചു. പക്ഷേ ജോലിക്കു കയറി ചുരുങ്ങിയ സമയം കൊണ്ട് തന്നെ രാജ തന്റെ ജീവിതലക്ഷ്യം മനസ്സിലാക്കിയിരുന്നു. താൻ നിലകൊള്ളേണ്ടത് ആദിവാസി ജനതയ്ക്ക് വേണ്ടി ആണെന്നുള്ള ചിന്ത രാജയുടെ മനസ്സിൽ ഉടലെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല. പിന്നീട് വിപ്രോയിൽ ജോലി രാജിവെച്ച് അതേ വർഷം തന്നെ കലിങ്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ എക്സിക്യൂട്ടീവ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. സ്കൂളിലെ കുട്ടികളുടെ കണ്ണിൽ എല്ലാം ഒരു ഭയം രാജ ശ്രദ്ധിക്കാൻ തുടങ്ങി. കുട്ടികളെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി. അതിനു വേണ്ടി ബോധപൂർവ്വം ഹോസ്റ്റൽ വാർഡനും സെക്യൂരിറ്റി ജീവനക്കാരനുമായി അയാൾ സൗഹൃദം സ്ഥാപിച്ചു. അങ്ങനെയാണ് ഹോസ്റ്റലിൽ സ്കൂൾ അധികൃതർ നടത്തുന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ രാജ അറിയുന്നത്. കുട്ടികൾക്ക് ഹോസ്റ്റലിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. ഇനി അഥവാ ഉപയോഗിക്കുന്നത് ഹോസ്റ്റൽ അധികൃതരുടെ കണ്ണിൽ പെട്ടു കഴിഞ്ഞാൽ കുട്ടികളുടെ മുമ്പിൽ വെച്ച് തന്നെ ഫോൺ ഭിത്തിയിൽ എറിഞ്ഞു പൊട്ടിക്കും. അതായിരുന്നു കുട്ടികളുടെ ഉള്ളിലെ ഭയത്തിനു പിന്നിൽ. പിന്നീട് സ്കൂൾ അധികൃതർ നടത്തുന്ന ഓരോ പരിഷ്കാരങ്ങളും സമ്പ്രദായങ്ങളും രാജ ശ്രദ്ധിക്കാൻ തുടങ്ങി. കുട്ടികളുടെ മുടി മുറിക്കുക, സ്കൂളിൽ ഹനുമാൻ ക്ഷേത്രം സ്ഥാപിക്കുക, ഹൈന്ദവ ആഘോഷങ്ങൾ മാത്രം സംഘടിപ്പിക്കുക, മുതലായവ.
അങ്ങനെ രണ്ടു വർഷക്കാലം ജോലി ചെയ്ത ശേഷം രാജ ഹരിയാനയിലെ ജിന്ദൽ യൂണിവേഴ്‌സിറ്റിയിൽ പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദത്തിനു ചേരുന്നത്. രാജയുടെ വിദ്യാഭ്യാസ യാത്രയിൽ ഉടനീളം നീതിക്ക് വേണ്ടിയുള്ള പോരാട്ടവും ഭാഗമായിരുന്നു. കലിംഗ ഇന്സ്ടിട്യൂട്ടിനു സമാനമായ നിലപാടുകൾ തന്നെ ആയിരുന്നു ജിന്ദലിനുമുണ്ടായിരുന്നത്. പല ഖനന കമ്പനികളുമായി ജിന്ദലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് രാജ മനസ്സിലാക്കുകയും പിന്നീട് അതിനെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് ശക്തമായി പ്രതിഷേധിക്കുകയും ചെയ്‌തു. ഇന്ന് താൻ ആദിവാസി ജനതക്കൊപ്പം നിൽക്കുമ്പോഴും വികസനത്തിന്റെ പേരിൽ അവരെ ഉന്മൂലനം ചെയ്ത് സമ്പാദിച്ച് കെട്ടിപ്പൊക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായതിൽ രാജ ഇന്നും ലജ്ജിക്കുന്നു. ജിന്ദലിലെ പഠനത്തിന്റെ ഭാഗമായിട്ടുള്ള ഗവേഷണത്തിൽ രാജ തിരെഞ്ഞെടുത്ത വിഷയം കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ വ്യവസായ വിദ്യാഭ്യാസത്തെ കുറിച്ചായിരുന്നു.
അങ്ങനെയാണ് രാജ മേൽ പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അജണ്ട മനസിലാക്കുന്നത്. രാജ്യത്തെ ധാതു ശേഖരണത്തിന്റെ ഭൂരിഭാഗവും ഒറീസ്സയിലാണ്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നത് ആദിവാസി ജനവിഭാഗമാണ്. 62 ഗോത്ര വർഗക്കാരാണ് ഒറീസയിലുള്ളത്. ആ പ്രദേശങ്ങളിലെ ധാതുക്കൾ കൈക്കലാക്കണമെങ്കിൽ ആദിവാസികളെ അവിടുന്ന് ഒഴിപ്പിക്കണം. അവരെ അവിടുന്ന് ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ റെസിഡൻഷ്യൽ വിദ്യാഭ്യാസം. ഇടക്ക് വീട്ടിൽ പോകുന്നത് ഒഴിച്ചാൽ വിദ്യാർത്ഥികൾ തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് സ്കൂളിൽ തന്നെയായിരിക്കും. അവധി കാലത്ത് വീട്ടിൽ വന്നുകഴിഞ്ഞാൽ സ്വന്തം ഗോത്ര ഭാഷ വരെ കുട്ടികൾ മറന്ന് പോകുന്നു. ആദിവാസി എന്ന വ്യക്തിത്വത്തെ തുടച്ച് മാറ്റുന്ന പരിഷ്കാരങ്ങളും ചട്ടങ്ങളുമാണ് സ്വകാര്യ റെസിഡൻഷ്യൽ സ്കൂളുകളിലെല്ലാം നടന്ന് കൊണ്ട് ഇരിക്കുന്നത്. ഈ സ്കൂളുകളെ സാമ്പത്തികമായി പിന്തുണക്കുന്നത് രാജ്യത്തെ പേര് കേട്ട ഖനന കമ്പനികളുമാണ്.
ജിന്തലിലെ പഠനം പൂർത്തിയാക്കിയ ശേഷമാണ് രാജ മേൽപറഞ്ഞ കാര്യത്തെ കുറച്ച് ഗ്രാഹ്യമായി പഠിക്കുന്നത്. അതിനോടനുബന്ധിച്ച് 2018-ൽ 'അച്യുത സാമന്ത, ദി മിത്ത് ഓഫ് ബീയിങ് എ മിഷിയ' എന്ന ലേഖനം എഴുതി പ്രസിദ്ധികരിച്ചു. അടുത്ത തലമുറയെ പ്രതികരണശേഷി ഇല്ലാതാക്കുകയും അവരുടെ സംസ്കാരത്തെയും വിശ്വാസത്തെയും തുടച്ച് മാറ്റാനുള്ള അജണ്ടയിലാണ് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്ന സ്കൂളും മറ്റ് സ്വകാര്യ റെസിഡൻഷ്യൽ സ്കൂളുകളും പ്രവർത്തിക്കുന്നത് എന്നതായിരുന്നു ലേഖനത്തിന്റെ ഇതിവൃത്തം. പിന്നീട് ഒരു ആറ് മാസക്കാലം പത്രപ്രവർത്തകനായി ജോലി ചെയ്‌തു. രാജ കൂടുതലും തന്റെ പ്രതിഷേധങ്ങളും ആദിവാസികൾക്ക് എതിരെ നടക്കുന്ന ചൂഷണങ്ങളും അറിയിക്കുന്നത് എഴുത്തിലൂടെയാണ്. നിരവധി ലേഖനങ്ങൾ പല മുഖ്യധാര ഓൺലൈൻ ന്യൂസ് പോർട്ടലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജയുടെ പ്രത്യേകത എന്തെന്നാൽ ഒരു പ്രശ്നത്തെ പറ്റി പഠിക്കുമ്പോൾ അത് ഏറ്റവും ബാധിക്കുന്ന മനുഷ്യരിലേക്ക് ഇറങ്ങി ചെന്ന് ആ പ്രശ്നത്തെ മനസിലാക്കുന്നതാണ്.
ആദിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതാണ് തന്റെ കർത്തവ്യം എന്ന് രാജ പറഞ്ഞ് വെക്കുമ്പോഴും, അതിന്റെ ആഘാതങ്ങൾ വളരെ വലുതാണ്. ലോക നരവംശശാസ്ത്രത്തിന്റെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഒഡീഷയിലെ ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിനെ (KISS) തിരഞ്ഞെടുക്കാൻ തീരുമാനിച്ചിരുന്നു. തുടക്കം മുതൽ തന്നെ അതിനെതിരെ ശക്തമായി എഴുതുകയും മറ്റുള്ള ആളുകളിലേക്ക് എത്തിക്കുകയും ചെയ്ത ചുരുക്കം ചില ആളുകളിലൊരാളായിരുന്നു രാജ. അതിന്റെ പരിണിതഫലമായി KISS തിരഞ്ഞെടുക്കപ്പെടുന്നതിനെതിരെ ഇരുന്നൂറിലധികം ആദിവാസി നേതാക്കളും അക്കാദമിക് വിദഗ്ധരും പ്രവർത്തകരും വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും ആദിവാസി അവകാശങ്ങളുമായി ബന്ധപ്പെട്ട മറ്റുള്ളവരും നിവേദനത്തിൽ ഒപ്പുവച്ചു. പിന്നീട്, ലോകമെമ്പാടുമുള്ള ചില പ്രമുഖ സാമൂഹിക പ്രവർത്തകരും WAC (World Anthropology Conference), 2023-ന്റെ സഹ-ഹോസ്റ്റായി KISS-നെ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ചു - ബോവ വെഞ്ചുറ ഡോസ് സാന്റോസ്, അർതുറോ എസ്‌കോബാർ, ഗുസ്താവോ എസ്റ്റേവ, വിർജീനിയസ് സാക്സ, റൂബി ഹെംബ്രോം, വാൾട്ടർ ഫെർണാണ്ടസ്, എ.ആർ. വാസവി, ആശിഷ് കോത്താരി, നന്ദിനി സുന്ദർ, മുതലായവർ. അതിന്റെ പരിണിതഫലമായി KISS-ന് ആതിഥേയത്വം നൽകുന്നതിനെ കുറിച്ച് പരിശോധിക്കപ്പെടുകയും അത് റദ്ദാക്കപ്പെടുകയും ചെയ്തു.ആദിവാസികൾക്ക് നേരെ സർക്കാർ എടുക്കുന്ന ധാർഷ്ട്യമായ നിലപാടുകളും കോർപറേറ്റുകളുടെ ഹിഡൻ അജണ്ടയുമെല്ലാം രാജ തന്റെ എഴുത്തിലൂടെ തുറന്ന് കാട്ടുന്നുണ്ട്. 1947-ന് മുന്നോടിയായി നടന്നത് മാത്രമല്ല സ്വതന്ത്ര സമരം, ആദിവാസികൾ തങ്ങളുടെ മണ്ണിനും അവകാശങ്ങൾക്ക് വേണ്ടി സർക്കാറിനും കോർപറേറ്റിനും എതിരെ ചെറുത്ത് നിൽക്കുമ്പോൾ ഇതും സ്വാതന്ത്ര്യ സമരമാണെന്ന് രാജ പറഞ്ഞ് വെക്കുന്നുണ്ട്. (https://thewire.in/education/india-factory-school-model-like-kiss)
"തദ്ദേശീയ നീതി നേടുന്നതിലൂടെ മാത്രമേ സാമൂഹിക നീതി കൈവരിക്കാൻ സാധിക്കു." - രാജാരാമൻ സുന്ദരേശൻ
സാമൂഹിക നീതി എന്നത് അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യവും വിദ്യാഭ്യാസവും എല്ലാവരിലേക്ക് എത്തിക്കുന്നത് മാത്രമല്ല എന്നാണ് രാജ വിശ്വസിക്കുന്നത്. അത് നമ്മൾ വസിക്കുന്ന ഭൂമിയുടെയും അവിടുത്തെ ജീവജാലങ്ങളുടെയും അന്തസ് പുനഃസ്ഥാപിക്കുന്നതുകൂടിയാകണം എന്ന ആദിവാസി വീക്ഷണത്തെയും ഉൾക്കൊള്ളുന്നതാണ്. രാജയുടെ ജീവിത യാത്രയിൽ ഉടനീളം അഭിമുഖീകരിക്കുന്ന ചോദ്യങ്ങളെല്ലാം തന്നെ മറ്റുള്ളവരിലേക്കെത്തിക്കുവാനും തന്റെ എഴുത്തിലൂടെ അത് പ്രതിഫലിപ്പിക്കുവാനും അയാൾക്ക് സാധിക്കുന്നുണ്ട്.
രാജാരാമൻ സുന്ദരേശനുമായി ബന്ധപ്പെടാൻ: osr.usocial@gmail.com
Comments